Wednesday 7 August 2013

മലയാളം ലിപിയുടെ ചരിത്രം

അടിസ്ഥാനപരമായി മലയാളത്തിനു 52 അക്ഷരങ്ങളേ ഉള്ളുവെങ്കിലും കൂട്ടക്ഷരങ്ങളും വ്യഞ്ജനസ്വരക്കൂട്ടവും രേഫവും മറ്റും ചേര്‍ന്നു വരുമ്പോള്‍ ധാരാളം അച്ചുകള്‍ വേണ്ടി വരും മലയാളം അച്ചടിക്കുവാന്‍. അതിനാല്‍ അച്ചുകള്‍ നിരത്തി മലയാളം അച്ചടിച്ചിരുന്നതു് വളരെ ശ്രമകരമായിട്ടായിരുന്നു. കാലാകാലങ്ങളില്‍ അച്ചടി രീതിയില്‍ വളരെ അധികം പരിണാമം സംഭവിച്ചു.

1678ല്‍ കേരളക്കരയില്‍ ആദ്യമായി അച്ചടിച്ച ഹോര്‍ത്തൂസു് മലബാറിക്കൂസില്‍ മലയാള ലിപി ഓരോ അക്ഷരത്തിനും പ്രത്യേകമായുള്ള അച്ചുകള്‍ ഉപയോഗിച്ചല്ല അച്ചടിച്ചിരിക്കുന്നതു്. പകരം ബ്ലോക്കുകളായി വാര്‍ത്താണു് അച്ചടിച്ചിരുന്നതു്. അതായത് മലയാള ലിപി ചിത്രമായാണു് ചേര്‍ത്തിരിക്കുന്നതു്.

1772ല്‍ ഓരോ മലയാള അക്ഷരത്തിനും പ്രത്യേക അച്ചുണ്ടാക്കി ആദ്യമായി മലയാളലിപി അച്ചടിച്ചത് ആല്‍ഫബെത്തും ഗ്രാന്‍ഡോണിക്കോ മലബാറിക്കം എന്നീ പുസ്തകങ്ങളാണു്. മലയാളത്തിലെ 52 അക്ഷരങ്ങള്‍ അച്ചടിക്കാന്‍ ചതുര വടിവുള്ള ലിപിയില്‍ 1,128 അച്ചുകള്‍ നിര്‍മ്മിക്കേണ്ടി വന്നിരുന്നു.

1829ല്‍ ബഞ്ചമിന്‍ ബെയിലി ഉരുണ്ട വടിവൊത്ത 500 അച്ചുകളായി കുറച്ചു. ി ീ ചിഹ്നം വ്യഞ്ജനത്തില്‍ നിന്നും വിടുവിച്ചാണു് ഇതു് സാദ്ധ്യമായതു്. ഇന്നു നാം ഉപയോഗിക്കുന്ന ഉരുണ്ട മലയാളലിപിക്ക് രൂപം നല്‍കിയത് ബെയ്‌ലിയാണ്. എഴുത്തില്‍ ഭാഗികമായി ഉണ്ടായിരുന്ന ഉരുണ്ട രൂപം എല്ലാ അക്ഷരങ്ങള്‍ക്കും കൊടുത്ത് മനോഹരമാക്കി അവതരിപ്പിച്ചതിന്റെ പൂര്‍ണ്ണ ബഹുമതിയും ബെയ്‌ലിക്ക്‌ അവകാശപ്പെട്ടതാണ്‌.

1890 മാര്‍ച്ച് 22നു് മലയാള മനോരമ അച്ചടിച്ചിറങ്ങിത്തുടങ്ങിയ കാലം മുതല്‍ കൂട്ടക്ഷരം പിരിച്ചെഴുതുന്ന ലിപി പരിഷ്ക്കരണത്തെപ്പറ്റിയുള്ള ചര്‍ച്ച പത്രദ്വാരാ തുടങ്ങി വച്ചതു് മനോരമയുടെ ആദ്യത്തെ പത്രാധിപരായിരുന്ന വര്‍ഗ്ഗീസ് മാപ്ലയാണു്.

ഇതിനു ചുവടു പിടിച്ച് മാതൃഭൂമി പത്രാധിപരായിരുന്ന എന്‍ വി കൃഷ്ണവാര്യര്‍ ആണു് ആദ്യമായി ഉ, ഊ, ഋ എന്നീ അക്ഷരങ്ങള്‍ വ്യഞ്ജനത്തില്‍ നിന്നും വേര്‍പെടുത്തി ു ൂ ൃ എന്ന ചിഹ്നങ്ങള്‍ പകരം ഉപയോഗിക്കുന്നതിനെപ്പറ്റിയുള്ള ചര്‍ച്ച തുടങ്ങി വച്ചതു്.

1969ല്‍ സര്‍ക്കാര്‍ തലത്തില്‍ ലിപി പരിഷ്ക്കരണ ചര്‍ച്ചകള്‍ തുടങ്ങി വച്ചതു് ഈ എം എസിന്റെ നേതൃത്വത്തില്‍ കേരളം ഭരിച്ചിരുന്ന ഇടതുപക്ഷ സര്‍ക്കാര്‍ നിയോഗിച്ച മലയാള പണ്ഡിതന്‍ ശൂരനാടു് കുഞ്ഞന്‍പിള്ളയുടെ നേതൃത്വത്തില്‍ നിയോഗിക്കപ്പെട്ട കമ്മറ്റി ആണു്. മലയാളത്തില്‍ റ്റൈപ്പ് റൈറ്റര്‍ നിര്‍മ്മിക്കാന്‍ അക്ഷരങ്ങളുടെ എണ്ണം കുറക്കുക എന്നായിരുന്നു ലക്ഷ്യം ഇട്ടിരുന്നതു്. അതിനു വേണ്ടി ഉരിത്തിരിഞ്ഞ തീരുമാനം ഉ, ഊ, ഋ, റ/ര എന്നിവയുടെ വ്യഞ്ജനവുമായുള്ള ചേരുവ വിടുവിച്ചു് പ്രത്യക ചിഹ്നം അതിനു പകരം ഉപയോഗിക്കുക എന്നും സര്‍വ്വസാധാരാണമായി ഉപയോഗിക്കാത്ത കൂട്ടക്ഷരങ്ങള്‍ക്ക് അക്ഷരങ്ങള്‍ക്കിടയില്‍ ചന്ദ്രക്കല ഇട്ടു് പിരിച്ചെഴുതുക എന്നും ആണു്.

1971ല്‍ ഇതിനു ചുവടു പിടിച്ചു് സര്‍ക്കാര്‍ തലത്തില്‍ ലിപി പരിഷ്ക്കരണം വന്നപ്പോള്‍ ഉ ഊ ഋ റ എന്നിവയുടെ മാത്രകള്‍ വ്യഞ്ജനത്തില്‍ നിന്നും വിടുവിച്ചും കൂട്ടക്ഷരങ്ങളെ വേര്‍പെടുത്തി ചന്ദ്രക്കല ഇട്ടു് പിരിച്ചെഴുതല്‍ ചെയ്തതോടു കൂടി അച്ചുകള്‍ടെ എണ്ണം 500ല്‍ നിന്നും 90 ആയി കുറഞ്ഞു.

മലയാള അക്ഷരങ്ങളുടെ എണ്ണം വെട്ടിച്ചുരിക്കിക്കൊണ്ടു് 1971 ലെ  സര്‍ക്കാര്‍ ഉത്തരവു് അന്നത്തെ സര്‍ക്കാര്‍ ആഫിസിലെ റ്റൈപ്പിംഗിനു വേണ്ടി മാത്രമായിരുന്നു. അങ്ങനെ മലയാളം ലിപി പുതിയതും പഴയതും എന്നു് തരം തിരിക്കപ്പെട്ടു. അതു് കൊണ്ടു് പ്രയോജനം ഉണ്ടായതു് റ്റൈപ്പു്റൈറ്റിംഗു് യന്ത്രം ഉണ്ടാക്കുന്നവര്‍ക്കും അതു് ഉപയോഗിക്കുന്ന സര്‍ക്കാര്‍ ആപ്പീസു് നവീകരിക്കുന്നവര്‍ക്കും. നഷ്ടം വന്നതു് 1971 നു ശേഷം സ്ക്കൂളില്‍ പഠിക്കാന്‍ വിധിക്കപ്പെട്ട അടുത്ത തലമുറയിലെ കുട്ടികള്‍ക്കും. പത്രങ്ങളുടെയും മാസികകളുടെയും പരസ്യപ്പലകകളുടെയും അച്ചടിക്കു് പുതിയ ലിപി ഉപയോഗിക്കരുതെന്നുള്ള സര്‍ക്കാര്‍ നിര്‍ദ്ദേശം പാലിക്കപ്പെട്ടില്ല. പുതിയ ലിപി ആകുമ്പോള്‍ അച്ചുകളുടെ എണ്ണം കുറച്ചു മതി എന്നതിനാല്‍‌ അച്ചു് നിര്‍മ്മാണശാലകള്‍ വന്‍ ലാഭം കൊയ്തു. അവ നിരത്തുന്ന ജോലി എളുപ്പമായി എന്നതിനാല്‍ അച്ചടിശാലകളില്‍ ജോലി എളുപ്പമായിത്തീര്‍ന്നു. തനതു ലിപിയിലെ 900ല്‍ പരം അച്ചുകള്‍ ലഭ്യമല്ലാതെ വന്ന സാഹചര്യത്തില്‍ 1974 മുതല്‍ മലയാള പാഠപുസ്തകങ്ങള്‍ ലഭ്യമായ പുതിയ ലിപിയില്‍ അച്ചടിച്ചു പുറത്തിറങ്ങിത്തുടങ്ങി. പുതിയ ലിപി ഉപയോഗിച്ചു അച്ചടിച്ചു വന്ന പലതും വായിക്കുന്ന കുട്ടികള്‍ സ്ക്കൂളില്‍ ചെല്ലുമ്പോള്‍ എഴുതാന്‍ പഴയ ലിപിയും വായിക്കാന്‍ പുതിയ ലിപിയും ആയപ്പോള്‍ ആകെമൊത്തം കുഴപ്പമായി. ലിപികള്‍ തമ്മിലുള്ള അന്തരം അദ്ധ്യാപകര്‍ക്കും ആശയക്കുഴപ്പം ഉണ്ടാക്കിയതോടു കൂടി കേട്ടെഴുത്തു് എന്ന സമ്പ്രദായം നിലച്ചു. കുട്ടികള്‍ ഓരോരുത്തരും അവരവരുടെ രീതിയ്ക്കു് എഴുതുവാന്‍ തുടങ്ങി. ആദ്യമൊക്കെ അദ്ധ്യാപകര്‍ തിരുത്താന്‍ ശ്രമിച്ചെങ്കിലും പാഠപുസ്തകങ്ങളിലെ അച്ചടിയിലും പുതിയ ലിപി കയറിക്കൂടിയതോടു കൂടി അവര്‍ മൗനം പാലിക്കാന്‍ നിര്‍ബന്ധിതരായി. പുതിയ ലിപി കൊണ്ടുണ്ടായ നഷ്ടം മലയാളഭാഷാക്ഷരങ്ങള്‍ക്കു് മാത്രം.

ഒരു വാക്കു് തന്നെ പല രീതിയില്‍ എഴുതുന്ന ശൈലി തുടങ്ങി. സംവൃതോകാരം ഇല്ലാതായി. കൂട്ടക്ഷരങ്ങള്‍ വേര്‍തിരിച്ചു് എഴുതി ഇടയില്‍ ആദ്യമൊക്കെ വടിയും പിന്നീടു് ചന്ദ്രക്കലയും ഇട്ടു് വ്യവസ്തിതി ഇല്ലാതായി. ചില്ലക്ഷരങ്ങള്‍ ഉപേക്ഷിക്കപ്പെട്ടു, പകരം വ്യഞ്ജനത്തിനു് ശേഷം ചന്ദ്രക്കല ഇട്ടു തുടങ്ങി. ചില്ലക്ഷരങ്ങള്‍ ഉപേക്ഷിക്കപ്പെട്ടപ്പോള്‍ അതിനു ശേഷം വരുന്ന വ്യഞ്ജനം ഇരട്ടിപ്പിക്കുന്ന രീതി മാറി. ചന്ദ്രക്കലയുടെ മുമ്പേ വ്യഞ്ജനത്തോടു് ചേര്‍ത്തു് ഉകാരം ഉപയോഗിക്കുന്ന രീതി ഇല്ലാതായി. ഭാര്യ ഭര്‍ത്താവു് തുടങ്ങിയ വാക്കുകളില്‍ കൂട്ടക്ഷരത്തിനു മുകളില്‍ ഇടുന്ന രേഫം എന്ന കുത്തു് ഉപയോഗിക്കാതെ പകരം ര്‍ ചില്ലക്ഷരം (അതും വികൃതമായ ചില്ലക്ഷരം) കൂട്ടക്ഷരങ്ങള്‍ക്കു മുന്നേ ഉപയോഗിക്കുന്ന രീതി പ്രാബല്യത്തില്‍ വന്നു. വായ്മൊഴിക്കു് വിപരീതമായി വരമൊഴിയില്‍ ഋകാരം വ്യഞ്ജനാക്ഷരം എഴുതുന്നതിനു് മുമ്പേ എഴുതണം എന്നായി. ചില അക്ഷരങ്ങള്‍ ഉപേക്ഷിക്കപ്പെട്ടു് ഉദാഃ ഋ,. വ്യഞ്ജനത്തിനു് സ്വരങ്ങള്‍ ചേര്‍ക്കുമ്പോള്‍ ചേര്‍ത്തെഴുതുന്നതിനു പകരം ഉകാരത്തിനും ഊകാരത്തിനും (ഊന്നു)വടി നല്‍കി അതിന്റെ അടിയില്‍ പൂജ്യവും ഇരട്ട പൂജ്യവും ഇട്ടു തുടങ്ങി.

1971നു് മുമ്പു് പ്രാധമിക വിദ്യാഭ്യാസം നേടിയവരെ ഈ പരിഷ്ക്കാരം അത്രകണ്ടു് ബാധിച്ചില്ലെങ്കിലും 1971നു് ശേഷം സ്ക്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയവര്‍ സങ്കരലിപിപ്രയോഗികളും 1971നു ശേഷം ഒന്നാം ക്ലാസ്സില്‍ ചേര്‍ന്നു് 1981നു ശേഷം സ്ക്കൂള്‍പഠനം പൂര്‍ത്തിയാക്കിയവര്‍ പൂര്‍ണ്ണമായും പുതിയ ലിപിപ്രയോഗികളും ആയി പരിണമിച്ചു.

മൂന്നു തരം മലയാളവാദികള്‍ ഉണ്ടായി. ആദ്യത്തെ കൂട്ടര്‍ അക്ഷരങ്ങളുടെ എണ്ണമല്ല രൂപവൈരുദ്ധ്യമാണു് നല്ലതെന്നതിനാല്‍ പഴയ ലിപിക്കു് വേണ്ടിയും മൂന്നാമത്തെ കൂട്ടര്‍ രൂപമല്ല അക്ഷരങ്ങളുടെ എണ്ണക്കുറവു് ആണു് നല്ലതെന്നു തോന്നുകയാല്‍ പുതിയ ലിപിക്കു് വേണ്ടിയും നില കൊണ്ടു. രണ്ടാമത്തെ കൂട്ടരാകട്ടെ ആശയക്കുഴപ്പത്തിലും.

കാലം കടന്നു പോയി. ഇവരില്‍ ചിലര്‍ മലയാളഭാഷാപ്രയോഗം ധാരാളം ഉള്ള മേഖലകളിലും മലയാളഭാഷയുടെ പോഷകസ്ഥാപനങ്ങളിലും മറ്റു ചിലര്‍ മലയാളം ഉപയോഗിക്കുന്ന കംപ്യൂട്ടര്‍ മേഖലയിലും ജോലി തേടിയും അല്ലാതെയും എത്തി. രണ്ടു കൂട്ടരും അവരുടെ ദൈനംദിന ആശയവിനിമത്തിനായി കംപ്യൂട്ടറില്‍ മലയാളം ഉപയോഗിച്ചു തുടങ്ങി.

മലയാളം അച്ചടിക്കാന്‍ സാധാരണ കീബോര്‍ഡിന്റെ മൂന്നിരട്ടി വലിപ്പം വരുന്ന കീബോര്‍ഡ് ഉപയോഗിച്ചു് 900ത്തോളം മലയാള റ്റൈപ്പ്ഫേയ്സുകളെ സെല്ലുലോയിഡ് ഫിലിമില്‍ പതിപ്പിച്ച അക്ഷരമാതൃകയെ അടിസ്ഥാനപ്പെടുത്തിയുള്ള ഫോട്ടോറ്റൈപ്പിംഗ് രീതി ഉപയോഗിച്ച് ഹോളണ്ട് കമ്പനിയുടെ സഹായത്താല്‍ നിയന്ത്രണവിധേയമാക്കിയവരാണു് പാലക്കാട്ടെ അമ്പാള്‍ പ്രസ്സ്. പക്ഷെ രണ്ടു്വര്‍ഷം കഴിഞ്ഞു് മെഷീന്‍ കേടായപ്പോഴേക്കും അതുണ്ടാക്കിയ കമ്പനി പൂട്ടിപ്പോയിരുന്നു. അന്നത്തെ പത്രാമാദ്ധ്യമങ്ങളും ഫോട്ടോ ടൈപ്പ് സെറ്റിംഗ മെഷീനുകള്‍ ഉയോഗിച്ചിരുന്നു.

മലയാളം റ്റൈപ്പിംഗില്‍ വിപ്ലവകരമായ മാറ്റം വരുന്നതു് ഈ മേഘലയിലേക്കു് കംപ്യൂട്ടര്‍ വരുന്നതോടെയാണു. വിശദ വിവരങ്ങള്‍ ഇവിടെ

1983ല്‍ ഡി റ്റി പി റ്റൈപ്പിംഗു് കംപ്യൂട്ടറില്‍ ലഭ്യമായതോടു കൂടി പുതിയ ലിപിയിലേക്കുള്ള മാറ്റം പൂര്‍ണ്ണമായി. അതോടുകൂടി അച്ചുകള്‍ നിരത്തിയുള്ള അച്ചടിക്കു പകരം പുതിയ ലിപിയിലുള്ള ഡി റ്റി പി ഉപയോഗിക്കപ്പെടുകയും പഴയ ലിപിയിലുള്ള അച്ചടി പൂര്‍ണ്ണമായി നിലയ്ക്കുകയും ചെയ്തു. പക്ഷെ അതില്‍ ഏകീകരണ രീതി ഇല്ലാതിരുന്നതിനാല്‍ ഒരു രീതിയില്‍ നിന്നു് മറ്റൊരു രീതിയിലേക്കു് മാറുന്നതു് ശ്രമകരവും ഓരോന്നിനും പ്രത്യക അക്ഷരവിന്യാസം പഠിക്കേണ്ടിയും ഇരുന്നു. ഇന്ത്യന്‍ ഭാഷകള്‍ റ്റൈപ്പ് ചെയ്യുന്നതു് എളുപ്പമല്ല എന്ന പ്രചരണം ഇതിനാല്‍ സംഭവിച്ചു.

1996ല്‍ കംപ്യൂട്ടറില്‍ ആദ്യമായി കേരള ഫോണ്ടുപയോഗിച്ചു് ചാര്‍മാപ്പു് ആപ്ലിക്കേഷനില്‍ ആണു്. ആദ്യത്തെ ട്രാന്‍സ്ലിറ്ററേഷന്‍ പദ്ധതി അച്ചായന്‍ ട്രാന്‍സ്ലിറ്ററേഷന്‍ ഉപയോഗിച്ചതു് ശ്രീധര്‍ ഷേണായു്. ഇതു് കോഡു് ചെയ്തതു് ബിനു തോമസു് മേലേടം, ബിനു ആനന്ദു്, കോണ്ട റഢി, സോജി ജോസഫു് എന്നിവരാണു്.

ഇതേ കാലയളവില്‍ സിബു സി ജെ തന്റെ വരമൊഴി ട്രാന്‍സ്ലിറ്ററേഷന്‍ പദ്ധതി തയ്യാറാക്കി. തുടര്‍ന്നു മാധുരി വന്നു. 2002 ജൂലായില്‍ സിബു തന്റെ വരമൊഴി എഡിറ്റര്‍ പുറത്തിറങ്ങി. 2005ല്‍ രാജു് നായര്‍ തന്റെ ടാവുള്‍സോഫ്റ്റു് പദ്ധതി തയ്യാറായി.

2004 ഓഗസ്റ്റില്‍: മൈക്രോസോഫ്റ്റ് XP SP 2 നോടുകൂടെ കാര്‍ത്തിക മലയാളം യുണീക്കോഡ് ഫോണ്ട് ഇറക്കി.

2004 സെപ്റ്റംബറില്‍ കെവിന്‍ അതിനെയെല്ലാം ഒരുമിച്ചുകൂട്ടി യുണിക്കോഡ് ഫോണ്ടുണ്ടാക്കി.

2005 ജനുവരിയില്‍ കെവിനോട് രചനയിലെ രാജീവ് സെബാസ്റ്റ്യന്‍ ഈ പോക്കു് രചനയ്ക്ക് ഇഷ്ടമല്ല പിന്മാറണം എന്നു നിര്‍ബന്ധിക്കുന്നു.

2005 ഫെബ്രുവരിയില്‍ കെവിന്‍ സ്വന്തമായി വരച്ച് അഞ്ജലി ഓള്‍ഡ്‌ ലിപി ഉണ്ടാക്കി, അതു് എല്ലാവര്‍ക്കും ഉപയോഗിക്കാവുന്ന രീതിയില്‍ ഓപ്പണ്‍ സോര്‍സു് ഫോണ്ടാക്കി വിതരണത്തിനു സമര്‍പ്പിച്ചു.

2005 ജൂണില്‍ രചന സ്വന്തം യുണീക്കോഡ് ഫോണ്ട് പുറത്തിറക്കുന്നു

തുടക്കത്തില്‍ ഇറങ്ങിയ ആസ്കി ഫോണ്ടിനെ പുറംതള്ളിക്കൊണ്ടു് യൂണിക്കോഡു് സമ്പ്രദായം വന്നു. അതോടുകൂടി രണ്ടുതരം റ്റൈപ്പിംഗ് രീതി ലഭ്യമായി. ആദ്യം ഇറങ്ങിയ ഫണറ്റിക്കു് ട്രാന്‍സ്ലിറ്ററേഷന്‍ രീതിയും പിന്നീടു് വന്ന മലയാളം മലയാളമായി തന്നെ നേരിട്ടു റ്റൈപ്പു് ചെയ്യാവുന്ന ഇന്‍സ്ക്രിപ്റ്റു് രീതിയും. ഫോണ്ടു മാത്രം മാറ്റിയാല്‍ പഴയ ലിപി വേണ്ടവര്‍ക്കു് പഴയ ലിപിയും പുതിയ ലിപി വേണ്ടവര്‍ക്കു് പുതിയ ലിപിയും മാറി മാറി യധേഷ്ടം ഉപയോഗിച്ചു് വായിക്കുകയോ പ്രിന്റെടുക്കുകയോ ആവാം എന്നതാണു് യൂണിക്കോഡിന്റെ പ്രത്യേകത. ലിപി പഴയതോ പുതിയതോ ഏതു തന്നെ ആയാലും ഡിജിറ്റല്‍ ഫോര്‍മാറ്റില്‍ കംപ്യൂട്ടറില്‍ സ്റ്റോര്‍ ചെയ്യുന്ന വിവരം രണ്ടിലും ഒന്നു തന്നെയാണു് എന്നതിലാണു് ഇതു് സാദ്ധ്യമാവുന്നതു്. ഉദാഃ പ്രകൃതം എന്ന വാക്കു് കംബ്യൂട്ടറില്‍ റ്റൈപ്പടിക്കുന്നതും സ്റ്റോര്‍ ചെയ്യുന്നതും പ+്+ര+ക+ൃ+ത+ം എന്നതിന്റെ ഡിജിറ്റല്‍ കോഡില്‍ രണ്ടിലും ഒരേ രീതിയില്‍ തന്നെ ആണു്. റെണ്ടറിംഗു് എഞ്ചിനിന്റെ പ്രവര്‍ത്തനം മൂലം ഏതു തരം അക്ഷരങ്ങളും കൂട്ടക്ഷരങ്ങളും റ്റൈപ്പു് ചെയ്യുവാനും കംപ്യുട്ടര്‍ ഉപയോഗിച്ചു് അവ അച്ചടിക്കുവാനും സാധിക്കും എന്ന നില വന്നു. ഈ വിവരം സര്‍വ്വരും അറിഞ്ഞിരിക്കേണ്ടിയിരിക്കുന്നു.

തങ്ങള്‍ക്കു് ലഭിക്കുന്ന വിവരങ്ങളും വിവരക്കേടുകളും വിശകലനം ചെയ്തു് ഏതൊരു ഭാഷയ്ക്കും ഉചിതമായവ മാത്രം സ്വീകരിച്ചു് അല്ലാത്തവ തിരസ്ക്കരിച്ചു് തീരുമാനം നടപ്പിലാക്കുന്ന യൂണിക്കോഡു് കണ്‍സോര്‍ഷ്യത്തിലെ ഗുണ്ടര്‍ട്ടു് സായിപ്പിന്റെ പിന്‍ഗാമികള്‍ കംപ്യൂട്ടര്‍ യുഗത്തില്‍ മലയാളത്തിനു നല്‍കുന്ന സേവനങ്ങള്‍ സ്തുത്യര്‍ഹമാണെു്.

2008ല്‍ -
൨00൮ല്‍ സര്‍ക്കാര്‍ ഓഫീസുകളിലേക്കുള്ള നിര്‍ദ്ദേശം അടങ്ങിയ സ.ഉ. (എം.എസ്) 31/08/വി.സ.വ തീയതി തിരുവനന്തപുരം 21.08.2008 പ്രകാരം എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും സഹകരണ സ്ഥാപനങ്ങളിലും അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലും കമ്പ്യൂട്ടറില്‍ കത്തുകളും മറ്റു വിവരങ്ങളും തയ്യാറാക്കുന്നതില്‍ വെബു്സൈറ്റു് നിര്‍മ്മിക്കുന്നതിലും യൂണിക്കോഡു് അധിഷ്ഠിത മലയാളം ഫോണ്ടുകള്‍ ഉപയോഗിക്കേണ്ടതാണെന്നു ഉത്തരവു്

2009ല്‍ -
2826/B1/09/വി.സ.വ.സര്‍ക്കുലര്‍ പ്രകാരം സര്‍ക്കാര്‍ വകുപ്പുകളുടെ വെബു്സൈറ്റുകള്‍ മലയാളത്തില്‍ ആക്കുന്നതു് അതാതു വകുപ്പുകള്‍ മുന്‍കൈ എടുത്തു് അടിയന്തിര നടപടി സ്വീകരിക്കേണ്ടതാണെന്നു് നിര്‍ദ്ദേശം പുറപ്പെടുവിച്ചു.

2012ല്‍ -
ഡിസംബര്‍ 19-നു കേന്ദ്രസാഹിത്യ അക്കാദമിയുടെ ഭാഷാവിദഗ്ദ്ധസമിതി മലയാളത്തിനു് ശ്രേഷ്ഠഭാഷാപദവി നല്‍കുന്നതു് അംഗീകരിച്ചു. 2013 മേയു് 23-നു ചേര്‍ന്ന കേന്ദ്രമന്ത്രിസഭായാഗം മലയാളത്തെ ശ്രേഷ്ഠഭാഷയായി അംഗികരിച്ചു. തത്തുല്യ അംഗീകാരം നേടിയ മറ്റു ഭാഷകള്‍ തമിഴു് (2004ല്‍ ), സംസ്കൃതം (2005ല്‍ ), തെലുങ്കു് (2008ല്‍ ), കന്നട (2008ല്‍ ) എന്നിവയാണു്. 2000 വര്‍ഷം പഴക്കമാണു് ശ്രേഷ്ഠഭാഷാ പദവി ലഭിക്കാനുള്ള അര്‍ഹത. 2300 വര്‍ഷത്തെ മലയാള ഭാഷയുടെ പൈതൃകവും പാരമ്പര്യവും കണക്കിലെടുത്തു് അഞ്ചാമതായിട്ടാണെങ്കിലും മലയാളഭാഷയ്ക്കു് ശ്രേഷ്ഠ പദവി നല്‍കപ്പെട്ടു. (മലയാളത്തിനു 2000 വര്‍ഷത്തെ പഴക്കമില്ല എന്നു തുടക്കത്തില്‍ പറഞ്ഞതു് നമ്മുടെ സ്വന്തം സാഹിത്യ അക്കാദമി തന്നെ ആയിരുന്നുവെന്നു ഇത്തരുണത്തില്‍ ഓര്‍ക്കുന്നതു് നല്ലതു്. സ്വന്തം സ്ഥാപനത്തിന്റെ നാമകരണത്തിലെ 'അക്കാദമി' എന്ന പദം ഇന്നും അതു പോലെ തന്നെ നിലനില്‍ക്കുന്നു എന്നതു് ഒരു വിരോധാഭാസമായി തുടരുന്നു ! )

ശ്രേഷ്ഠഭാഷയായി അംഗീകരിക്കപ്പെടാനുള്ള മാനദണ്ഡങ്ങള്‍

1. 2000ല്‍പരം പഴക്കമുള്ള ചരിത്രരേഖകള്‍, സാഹിത്യകൃതികള്‍ ഉണ്ടായിരിക്കണം.
2. പാരമ്പര്യമായി ലഭിച്ച അമൂല്യകൃതികളോ പുസ്തകങ്ങളോ ഉണ്ടായിരിക്കണം.
3. മറ്റു ഭാഷകളില്‍ നിന്നും സ്വീകരിച്ചിട്ടില്ലാത്ത തനതു സാഹിത്യ പാരമ്പര്യം ഉണ്ടായിരിക്കണം.
4. പരിവര്‍ത്തിതമായ ആധുനിക ഭാഷയ്ക്കും സാഹിത്യത്തിനും പുരാതനഭാഷയില്‍ നിന്നും പ്രകടമായ വ്യത്യാസമുണ്ടായിരിക്കണം.

വാഴപ്പള്ളി ക്ഷേത്രത്തിന്റെ കിഴക്കേനടയിലെ തലവനമഠത്തില്‍ നിന്നും ലഭിച്ച എ ഡി 832ല്‍ എഴുതപ്പെട്ട വാഴപ്പള്ളി ശാസനമാണു് മലയാളത്തിലെ ഏറ്റവും പഴയ രേഖയായി ചരിത്രകാരന്മാര്‍ വാദിച്ചതു്. അതിനു ശേഷമുള്ളതാണു് തരിസാപ്പള്ളി ശാസരം

പതിനഞ്ചാം നൂറ്റാണ്ടു വരെ നിലവിലുണ്ടായിരുന്ന ചുറ്റെഴുത്താണു് മലയാളത്തിലെ ആദ്യത്തെ ലിപിയായി അംഗീകരിക്കപ്പെട്ടതു്. തുഞ്ചത്തു രാമാനുജന്‍ എഴുത്തച്ഛനാണു് മലയാളത്തിനു് 51 അക്ഷരങ്ങളായി ചിട്ടപ്പെടുത്തി ആധുനിക ഭാഷാസമ്പ്രദായം ഏര്‍പ്പെടുത്തിയതു്. പില്‍ക്കാലത്തു് റ്റൈപ്പു്റൈട്ടറിനു വേണ്ടി പത്രക്കാരുടെ അച്ചടി എളുപ്പമാക്കുവാന്‍ വേണ്ടി 1971ല്‍ ഒരു സര്‍ക്കാര്‍ ഉത്തരവിന്റെ പിന്‍ബലത്തോടുകൂടി കൂട്ടക്ഷരങ്ങള്‍ കീറി മുറിച്ചു. പഴയ തനതു രീതിയില്‍ മലയാളം ലിപി കമ്പ്യൂട്ടറില്‍ റ്റൈപ്പു് ചെയ്യാവുന്ന രീതിയില്‍ സജ്ജമാക്കിയെടുക്കുവാന്‍ സര്‍ക്കാരോ മാധ്യമങ്ങളോ അല്ല, മറിച്ചു് മലയാളത്തെ സ്നേഹിക്കുന്ന ഒരു പറ്റം നിസ്വാര്‍ദ്ധമതികളായ വിദേശ മലയാളികളാണെന്നു പ്രത്യേകിച്ചു് എടുത്തു പറയേണ്ടിയിരിക്കുന്നു. ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ കാണുന്ന മലയാളം അവരുടെ സംഭാവന തന്നെയാണു്.

സംസാരിക്കുന്നവരുടെ എണ്ണം കൊണ്ടു് മുപ്പതാമത്തെ സ്ഥാനമാണു് മലയാളത്തിനു് ഇന്നുള്ളതു്. ഉപയോഗിക്കുന്നവരുടെ എണ്ണം കുറഞ്ഞാല്‍ മലയാളം പിന്‍തള്ളപ്പെടും.

ഇനി എന്തു് ?

ശ്രേഷ്ഠഭാഷയായി തിരഞ്ഞെടുക്കപ്പെട്ട ഭാഷകളുടെ വികസനത്തിനായി നൂറു കോടി രൂപ നല്‍കപ്പെടും. യു ജി സി സെന്റര്‍ ഓഫു് എക്സലന്‍സു്, മറ്റു് സര്‍വ്വകലാശാലകളില്‍ ഭാഷാ ചെയറുകള്‍, എല്ലാ വര്‍ഷവും രണ്ടു രാജ്യാന്തര പുരസ്ക്കാരങ്ങള്‍ എന്നീ ആനുകൂല്യങ്ങള്‍ ശ്രേഷ്ഠഭാഷകള്‍ക്കു് ലഭിക്കും.

തമിഴു്നാട്ടിലും മറ്റും സ്ഥാപിച്ചതു പോലെ ഈ തുക ഉപയോഗിച്ചു് ഒരു ഇന്‍സ്റ്റിറ്റ്യൂട്ടു് രൂപവല്‍ക്കരിക്കാനാണു് ആലോചിക്കുന്നതെന്നറിയുന്നു. ഇതിനു പുറമെ യു ജി സി യുടെ കീഴില്‍ ഒരു പ്രത്യേക ഭാഷാപഠനകേന്ദ്രം രൂപവല്‍ക്കരിക്കാനായും പദ്ധതി ഉണ്ടെന്നറിയുന്നു.

എന്തൊക്കെ ആയാലും സ്ഥാപനത്തിനു പേരിടുമ്പോള്‍ ഇന്‍സ്റ്റിറ്റ്യൂട്ടു് എന്നോ തത്തുല്യമായ ആംഗലേയ പദമോ അതിന്റെ നാമകരണത്തില്‍ ഉപയോഗിക്കാതെ തികച്ചും മലയാളപദം ഉപയോഗിക്കുമെന്നു നമുക്കു് പ്രത്യാശിക്കാം.

Actually, ഇപ്പോള്‍ എന്താണുണ്ടായതു് ?

അതെ. അതു തന്നെയാണു് പ്രശ്നം! ആംഗലേയ മാദ്ധ്യമത്തിലുള്ള വിദ്യാഭ്യാസ സമ്പ്രദായം, വിദേശത്തെ ജോലി, ജനപ്രിയമായ TV ചാനലുകള്‍ , റിയാലിറ്റി ഷോ, സംവാദങ്ങള്‍ എന്നീ രംഗങ്ങളിലെല്ലാം ആംഗലേയ പദങ്ങള്‍ ഉപയോഗിക്കാതെ മലയാളിക്കു ഒരു സംഭാഷണം പൂര്‍ത്തീകരിക്കാന്‍ കഴിയാതെയായിരിക്കുന്നു. നല്ലതു പോലെ മലയാളം സംസാരിക്കാന്‍ കഴിവുണ്ടെങ്കിലും മലയാളത്തില്‍ മാത്രമായി ആശയവിനിമയം നടത്തുന്നതു ഒരു കുറച്ചിലായി കരുതുന്ന ചിലരെങ്കിലും നമ്മുടെ ഇടയില്‍ ഇല്ലേ? ഭാഷ ഏതുപയോഗിച്ചാലും ആശയവിനിമയം സാദ്ധ്യമായാല്‍ അന്യഭാഷ ഉപയോഗിക്കുന്നതില്‍ എന്താണു് തെറ്റു് എന്നും, അന്യഭാഷാപദങ്ങള്‍ പലതിനും തത്തുല്യമായ മലയാള പദങ്ങള്‍ നിലവില്‍ ഇല്ലാത്തതു കാരണമല്ലേ അങ്ങനെ ചെയ്യേണ്ടിവരുന്നതെന്നും മറ്റും വാദിക്കുന്നവര്‍ ഒരു കാര്യം ഓര്‍ക്കുന്നതു നന്നു്. അതു പൂര്‍ണ്ണമായും സത്യമാണെന്നു പറയാന്‍ കഴിയുമോ?

വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ ഇന്നത്തെ പുതുതലമുറ അന്നത്തെ പഴംതലമുറ ആവും. അവരുടെ അന്നത്തെ അവസ്ഥ ഇന്നത്തെ പഴംതലമുറയുടെ നില പോലെ ആവും. അന്നു വരാനിരിക്കുന്ന മലയാളം ഏതു തരത്തിലേതായിരിക്കുമെന്നൂഹിക്കാനാവുമോ? ഇന്നത്തെ പുതുതലമുറയും പഴംതലമുറയും ചേര്‍ന്നു ഇന്നു തന്നെ ചിന്തിച്ചു പ്രവര്‍ത്തിച്ചില്ലെങ്കില്‍ മലയാള ഭാഷയുടെ പോക്കു ഏതു ദിശയിലേക്കായിരിക്കുമെന്നു പറയുവാന്‍ ഇപ്പോള്‍ കഴിയില്ല.

മലയാളത്തിനു ശ്രേഷ്ഠഭാഷാപദവി കിട്ടിയ അവസരത്തിലെങ്കിലും മലയാളിക്കു് ഒരു തിരിച്ചറിവിലേക്കുള്ള വഴി തുറക്കാമായിരുന്നു. തിരിച്ചറിവുണ്ടാവേണ്ടതു് മലയാളിയ്ക്കോ അതോ കേന്ദ്രത്തിലിരിക്കുന്ന അന്യഭാഷാസ്നേഹികള്‍ക്കോ? അറിവില്ലായ്മ ഒരു കുറ്റമല്ല. പക്ഷെ അറിവില്ലായ്മ അറിയാതിരിക്കുന്നതും അതു തിരുത്താന്‍ ശ്രമിക്കാതിരിക്കുന്നതും കുറ്റമല്ലേ?

മലയാളം സംസാരിക്കുമ്പോളുണ്ടാവുന്ന വൈകല്യം എഴുത്തിലും വന്നതില്‍ അത്ഭുതപ്പെടേണ്ട കാര്യമില്ല. ശ്രേഷ്ഠഭാഷാപദവി ലഭിച്ചതിനെപ്പറ്റിയുള്ള വാര്‍ത്ത തന്നെ ഒന്നു പരിശോധിച്ചു നോക്കൂ. ഇതു തനതു ലിപി ആണോ? 1971ലെ ലിപി പരിഷ്ക്കരണഫലമായുണ്ടായ വൈകല്യങ്ങള്‍ തിരുത്താനുള്ള ഒരവസരം കൂടി കൈവന്നിരിക്കുന്നു. പ്രത്യേകിച്ചും തനതു ലിപി കംപ്യൂട്ടറില്‍ റ്റൈപ്പു് ചെയ്യുവാന്‍ സാദ്ധ്യമായ സാഹചര്യത്തില്‍.

നമ്മളെല്ലാവരും പല വഴിക്കു ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നതിനു പകരം ഒരുമിച്ചൊരു കെട്ടായി പ്രവര്‍ത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ജാഗ്രത.

3 comments:

  1. നാൾവഴിയിൽ രചനയെ വിട്ടുപോയിരിക്കുന്നു. മനപ്പൂർവ്വമാണത്. 1999ലാണ് മലയാളത്തിന്റെ സമഗ്രലിപിസഞ്ചയം രചന അക്ഷരവേദി അവതരിപ്പിക്കുന്നത്. തനതുലിപി എന്ന് പഴയ ലിപിയെ ആദ്യമായി വിളിക്കുന്നതും രചനയാണ്. അതിനുശേഷം വർഷങ്ങൾ കഴിഞ്ഞാണ് കെവിനും രാജീവുമൊക്കെ 'ഉണ്ടാകുന്നത്'

    "1971ലെ ലിപി പരിഷ്ക്കരണഫലമായുണ്ടായ വൈകല്യങ്ങള്‍ തിരുത്താനുള്ള ഒരവസരം കൂടി കൈവന്നിരിക്കുന്നു. പ്രത്യേകിച്ചും തനതു ലിപി കംപ്യൂട്ടറില്‍ റ്റൈപ്പു് ചെയ്യുവാന്‍ സാദ്ധ്യമായ സാഹചര്യത്തില്‍." രചനയുടെ ലക്ഷ്യത്തെ/ആശയത്തെ അപ്പടി പകർത്തിയതിനു നന്ദി.
    hussain.rachana@gmail.com

    ReplyDelete

സംശയങ്ങള്‍, ആശയങ്ങള്‍, അഭിപ്രായങ്ങള്‍, നിര്‍ദ്ദേശങ്ങള്‍ എന്നിവ ഇവിടെ പറഞ്ഞിട്ടു് മറുപടി പ്രതീക്ഷിച്ചു കാത്തിരിക്കുക. മറുപടി കിട്ടും. തീര്‍ച്ച!